പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരുടെയും ഉപേക്ഷിക്കുവാൻ നിർബന്ധിതരായവർക്കും പ്രതീക്ഷയുണർത്തുവാൻ വിജയ്ക്ക് സാധിക്കും -കുറിപ്പ് .

സബ് കളക്ടറുടെ പേജിൽ പങ്കുവെച്ച കുറിപ്പ് :

സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പുവയ്ക്കുന്നതിനുവേണ്ടിയാണ് ഈ മിടുക്കൻ സബ്കളക്ടർ ഓഫീസിലെത്തിയത്. അപേക്ഷ നൽകിയിരിക്കുന്ന കുട്ടി അട്ടപ്പാടിയിൽ നിന്നുമുള്ളതാണെന്ന് സ്റ്റാഫ് കൂട്ടിച്ചേർത്തു. സി ഐ എസ് എഫ് കോൺസ്റ്റബിൾ സെലക്ഷൻ ലഭിച്ചതിനു ശേഷം ജോലിയിൽ പ്രവേശിക്കുവാൻ ആവശ്യമായ സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടിയാണ് അപേക്ഷ. ജോലി ലഭിച്ച വിജയ് എം അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കുറുക്കത്തിക്കല്ല് ഭാഗത്തുനിന്നുമാണെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി. വിജയിയെ അകത്തേക്ക് വിളിച്ചു സംസാരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ബി എ ഹിസ്റ്ററി കഴിഞ്ഞതിനുശേഷം പ്രത്യേകമായി കോച്ചിംഗ് ക്ലാസുകളൊന്നും കൂടാതെ സ്വയം പഠിച്ചാണ് വിജയ് പരീക്ഷ പാസായത്.

പി വി ടി ജി വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളുടെ ഊരുകൾ മിക്കതും തന്നെ ഇൻറർനെറ്റ് കണക്ഷനും മൊബൈൽ കവറേജും ഇല്ലാത്ത സ്ഥലങ്ങളിലാണ്. അപ്രകാരമുള്ള ഒരു പരിതസ്ഥിതിയിൽ നിന്നും പഠിച്ച് ഒരു മത്സര പരീക്ഷ വിജയിച്ചതിലൂടെ വിജയ് നാടിനാകെ ഒരു മാതൃകയാവുകയാണ്. വിരൽത്തുമ്പിൽ ഇൻറർനെറ്റും റഫറൻസ് ബുക്കുകളും കോച്ചിംഗ് ക്ലാസുകളും മെന്റർമാരും ഉള്ള ഒരു പറ്റം വിദ്യാർത്ഥികൾക്കൊപ്പം മേൽപ്പറഞ്ഞ യാതൊരു സംവിധാനങ്ങളുമില്ലാതെ വിജയ് മത്സരിച്ച് നേടിയ വിജയം എടുത്തുപറയേണ്ടതാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിനു സാമൂഹിക പഠന മുറികൾ ആശ്രയിക്കേണ്ടിവരുന്ന, പിന്നാക്കം നിൽക്കുന്ന ഒരു മേഖലയിൽ നിന്ന് പഠിച്ച് വിജയത്തിൻറെ പടവുകൾ കീഴടക്കിയതിന്റെ ആത്മവിശ്വാസം വിജയുടെ കണ്ണുകളിലുണ്ട്. ആ ആത്മവിശ്വാസമാണ് എല്ലാ കുട്ടികളുടെയും കണ്ണിൽ തിളങ്ങേണ്ടത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരുടെയും ഉപേക്ഷിക്കുവാൻ നിർബന്ധിതരായവരുടെയും കണ്ണുകളിൽ പ്രതീക്ഷയുണർത്തുവാൻ വിജയ്ക്ക് സാധിക്കും. വിജയ്ക്ക് തുടർന്നുള്ള ജീവിതത്തിലും എല്ലാവിധ വിജയാശംസകളും നേരുന്നു.ഈ മിടുക്കനെ വെറുംകയ്യോടെ തിരികെ അയയ്ക്കുവാൻ തോന്നിയില്ല. ഒരു പേന സമ്മാനം നൽകി. അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ എനിക്ക് ഈ മിടുക്കന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ മേലൊപ്പ് ചാർത്തിയതിൽ അഭിമാനം.

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team