“എനിക്ക് ഇവിടെ പറ്റുന്നില്ല എന്നവൾ പറയുന്നെങ്കിൽ..“വയ്യെങ്കിൽ പോരെ മോളെ അച്ഛനും അമ്മയും കൂടെ ഉണ്ടാകും എന്ന് പറയണം – കുറിപ്പ്

ജിസ്സയുടെ ഫേസ്ബുക് പോസ്റ്റ്

ജിസ്സയുടെ ഫേസ്ബുക് പോസ്റ്റ് : ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് ഞാൻ . കണ്ണിലെ കൃഷ്ണമണി പോലെ , കൈ വളരുന്നതും കാൽ വളരുന്നതും നോക്കി , അവളുടെ കുസൃതിയിലും, വളർച്ചയിലും ആനന്ദിക്കുന്ന ഒരു സാധാരണ അമ്മ . എന്നാൽ ഉത്തരയുടെയും,വിസ്മയയുടെയും മുഖങ്ങൾ , ഹൃദയത്തോടു ചേർത്തു മകളെ വളർത്തുന്ന അച്ഛനമ്മമാരുടെ മനസ്സിൽ തീർക്കുന്ന ആ ന്തൽ ചെറുതല്ല. സ്കൂൾ വിട്ട് വരാൻ വൈകിയാൽ വന്നു കയറുമ്പോൾ അമ്മ പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു പണ്ട് ” ഇപ്പോഴാണ് ഉള്ളിലെ തീ അണഞ്ഞത് . മനുഷ്യൻറെ ചങ്ക് ഉരുകുകയായിരുന്നു എന്നു ” പിന്നെ…. ” അമ്മയുടെ ചങ്കിൽ എന്നാ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുവാണോ?” എന്നു അന്ന് പരിഹസിച്ചിരുന്നുവെങ്കിലും ,ഇന്നെനിക്കറിയാം ആ ഉരുകൽ എന്താണെന്ന്….കാക്കക്കും കഴുകനും കൊടുക്കാതെ, ഒന്നു തട്ടി വീഴാതെ കരുതി, ഉള്ളം കൈയ്യിൽ വച്ച് വളർത്തുന്ന മകളെ യോഗ്യനായ /യോഗ്യൻ എന്നു തോന്നുന്ന ഒരാൾക്ക് ‘പിടിച്ചു കൊടുക്കുന്നതോടെ’..”ഉത്തരവാദിത്വംതീർന്നല്ലോ….ആന്തൽ ഒഴിഞ്ഞല്ലോ…പൊന്നുപോലെ എൻറെ കുഞ്ഞിനെ അവൻ നോക്കിക്കൊള്ളും….” എന്ന് മാതാപിതാക്കൾ ചിന്തിച്ചു തുടങ്ങുന്നിടത്തല്ലേ….ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണം സ്ഥിതിചെയ്യുന്നത്.”ആ പെൺകുട്ടിക്ക് ഇറങ്ങി സ്വന്തം വീട്ടിലേക്ക് പൊയ് കൂടായിരുന്നോ…”? എന്ന ചോദ്യം പലയിടത്തും കണ്ടു. എന്നാൽ പല പെൺകുട്ടികൾക്കും ചോദ്യം പോലെ അത്ര എളുപ്പമല്ല അത്.ഉള്ളത് നുള്ളിപ്പെറുക്കി,കിടപ്പാടം പോലും പണയം വെച്ചു , വീട്ടിലെ അവസാന തരി പൊന്നും അണിയിച്ചു അവളെ കതിർമണ്ഡപത്തിലേക്ക് ഇറക്കുന്ന ,മോൾക്ക് ഒരു കുറവും കെട്ടിചെല്ലുന്ന വീട്ടിൽ വരാതിരിക്കാൻ, പഠിപ്പിച്ചു സ്വന്തമായി വരുമാനം ഉള്ള ഒരു ജോലി നേടി കൊടുത്തിട്ടാണെങ്കിൽ പോലും ….കടവും വാങ്ങി , ലോണും എടുത്തും പറ്റാവുന്ന പോലെ പൊന്നും പണവും കൂടെ നൽകി പറഞ്ഞയയ്ക്കുന്നഅച്ഛനമ്മമാരുടെ കഷ്ടപ്പാട് കണ്ട് പുതിയ ജീവിതത്തിലേക്ക് കയറുന്ന ഒരു പെണ്ണിനും അത്രയെളുപ്പം “ഞാൻ പോകുക…എന്റെ വീട്ടിലേക്കു” എന്ന് പറഞ്ഞ് തിരിച്ചു ഇറങ്ങി പോരാൻ മടി തോന്നും. സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് പ്രത്യേകിച്ചും മാക്സിമം അഡ്ജസ്റ്റ് ചെയ്തും ,ക്ഷമിച്ചും സഹിച്ചും പിടിച്ചു നിൽക്കും. അടിച്ചാലും, ഇടിച്ചാലും,തൊഴിച്ചാലും നിശബ്ദം സഹിച്ചു മുന്നോട്ടു പോകാൻ മാക്സിമം അവൾ പരിശ്രമിക്കും.”എന്താടി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ ? എന്താടി നിന്റെ സ്വരം മാറി ഇരിക്കുന്നേ “എന്ന അച്ഛനമ്മമാരുടെ ചോദ്യത്തിന് ഇല്ലാത്ത ജലദോഷത്തെയും, മൂക്കടപ്പിനെയും ഈ പെണ്മക്കൾ കൂട്ടു പിടിക്കുന്നത്‌ അവരായി അച്ഛന്റെയും അമ്മയുടെയും മനസ്സ് വിഷമിപ്പിക്കാതെയും , കണ്ണ് നനയിക്കാതെ ഇരിക്കാനും വേണ്ടി ആണ് .

കാരണം അവരുടെ ഒരു ആയുസ്സിന്റെ പ്രയത്നവും സമ്പാദ്യവും ആണ് അവളോടൊപ്പം അന്ന് ഭർതൃ വീട്ടിലേക്കു പടി ഇറങ്ങിയതെന്നു ആരെക്കാളും നന്നായി അവൾക്കു അറിയാം .ഇനി എങ്ങാൻ പെൺകുട്ടികൾ തിരിച്ചു വീട്ടിൽ പോന്നാൽ …”മോള് വന്നിട്ട് കുറച്ചുദിവസം ആയല്ലോ….കെട്ടിയോൻ വന്നില്ലേ …എന്താ തിരിച്ചു പോകാത്തെ…അവരുതമ്മിൽ അത്ര രസത്തിൽ അല്ലേ …? എന്ന അയൽവക്കത്തെ അന്വേഷണകമ്മിറ്റികാരുടെ ചൊറിഞ്ഞ ന്യൂസ് പിടുത്തം . “ജീവിതം ആകുമ്പോ അങ്ങനെ ഒക്കെആണെന്നെ …കെട്ടിയോൻ 2 തല്ലി എന്നൊക്കെ ഇരിക്കും …അതിനു പെട്ടിയുംകിടക്കയും എടുത്തു ഇങ്ങു പോരുവാണോ വേണ്ടേ.. ഒന്നും ഇല്ലേലും ഒരു ആൺതുണഇല്ലാതെ എങ്ങനെ ജീവിയ്ക്കാൻ ആണെന്നെ….നാട്ടുകാർ എന്നാ പറയും ….ആപിള്ളേർക്ക് അപ്പൻ വേണ്ടായോ ….താഴത്തേതിന് പിന്നെ നല്ല ഒരു കല്യാണാലോചന വരുവോ ? ” ഇത്തരം നാടൻ മുതിർന്ന സാരോപദേശങ്ങൾ കൂടി അവശ്യപെടാതെ തന്നെ വാരിക്കോരി നല്കപ്പെടുമ്പോൾ ,അവർക്കു മുന്നിൽ ചൂളി നിൽക്കുന്ന ,നുണകൾ നിരത്തുന്ന അച്ഛനെയും അമ്മയെയും കാണുമ്പോൾ തോന്നി പോകുന്ന വിഷമത്താൽ അവൾ തന്നെ വീണ്ടും ബാഗും പൂട്ടി ഇറങ്ങും . താൻ ആയി ഇനി അവർക്കു ചീ ത്തപ്പേര് ഉണ്ടാക്കാൻ പാടില്ലാ എന്ന തിരിച്ചറിവിലും , സഹോദരങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്ന ഉത്തരവാദിത്വബോധത്താലും .ഇതു പോലെ ഒരോ സംഭവങ്ങൾ സമൂഹത്തിൽ ഉണ്ടാകുമ്പോൾ …”പെൺമക്കൾക്ക്വിദ്യാഭാസം നൽകു…ജോലി ആയ ശേഷം വിവാഹം നടത്തു …സ്ത്രീധനംനല്കാതിരിക്കു …” എന്നിങ്ങനെയുള്ള പരിഹാരങ്ങൾ നിർദേശികപെടുന്നതുകാണാം. എന്നാൽ വിദ്യാഭ്യാസമുള്ള ,ജോലിയുള്ള ,വരുമാനം ഉള്ള സ്ത്രീധനം വേണ്ട.. പെണ്ണിനെ മാത്രം മതി എന്ന ഉറപ്പിൽ വിവാഹം നടത്തി അയച്ച പലപെൺകുട്ടികളും ഇരുട്ടിൽ നിശബ്ദം ദേഹോപദ്രവം ഏറ്റു , വെളിച്ചത്തിൽ പുറമെചിരികുന്നില്ലേ ??? ഉണ്ടാകാം ….തീർച്ച .

ആദ്യം മാറ്റം വരേണ്ടത് പെണ്ണിന്റെ മനസ്സിൽ ആണ് . അവിടെ ധൈര്യം വരണം .തുറന്നു പറയാനും, നേരിടാനും ഉള്ള ചങ്കുറപ്പും നട്ടെല്ലും വരണം . എന്ത് ബന്ധത്തിന്റെ പേരിൽ ആയാലും ഒരാൾക്കും ശരീരത്തെ നോവിക്കാൻ അവകാശം ഇല്ല എന്ന ബോധ്യം ആ മനസ്സുകളിൽ ഉറയ്ക്കണം . എന്തും സഹിച്ചും ക്ഷമിച്ചും പൊറുത്തും സർവത്യാഗി ആയി നിന്നാലും ആരും അവാർഡ് ഒന്നും തരാൻ പോണില്ല എന്നും, വേദന നിങ്ങളുടേത് മാത്രം ആണെന്നും , ജീവിതം ഉരുക്കി തീർക്കുന്നത് നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആണെന്ന് ഓരോ പെണ്ണും തിരിച്ചറിയുക. തീരെ പൊരുത്തപെടാൻ ആവാതെ വന്നാൽ, ഇറങ്ങി പോരാനും ,സ്വന്തം കാലിൽ നിൽക്കാനും, ജീവിക്കാനും ഉള്ള പ്രാപ്‌തിനേടണം . അതിനുള്ള വിദ്യാഭ്യാസവും , തൊഴിലും നേടിയെടുക്കാൻ ഉള്ള ഊർജസ്വലത വേണം .സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പരിശ്രമിക്കണം .നാട്ടുകാരെ ഓർത്തു ഒത്തിരി വ്യാകുലപ്പെടേണ്ട…2 ദിവസം പറഞ്ഞു നടന്നാലും , പുതിയ കഥകൾ കിട്ടുമ്പോൾ മനുഷ്യർ അതിന്റെ പിറകെ പൊയ്ക്കൊള്ളും.കാശും പണ്ഡവും പേശി മകൾക്ക് വിലയിടുന്നവർക്കു നിങ്ങളുടെ കുഞ്ഞിനെ കൊടുക്കില്ല എന്നു ഉറപ്പിക്കുക. എത്ര അഭിജാത്യത്തിന്റെ വാലുള്ള തറവാട് ആണെങ്കിലും, ചെറുക്കന് എന്തു കൊമ്പത്തെ ജോലി ആണെങ്കിലും….”എനിക്ക് ഇവിടെ പറ്റുന്നില്ല എന്നവൾ പറയുന്നെങ്കിൽ…. “വയ്യെങ്കിൽ പോരെ മോളെ.. ആവും വിധം അച്ഛനും അമ്മയും കൂടെ ഉണ്ടാകും . നാട്ടുകാർ എന്തെങ്കിലും പറയട്ടെ ….” എന്നു ധൈര്യമായി പറയാൻ ഉള്ള തന്റെടം അച്ഛനമ്മമാർക്കും വേണം. സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകൾ ഭിത്തിയിൽ പടമായി മാലയിട്ട് കാണുന്നതിലും നല്ലതല്ലേ തിരികെ വിളിക്കുന്നത്?വന്നു കയറുന്ന മകളോട് സ്വന്തം മകൻ മോശമായി പെരുമാറിയാൽ, അതിനു മൗന സമ്മതം നൽകി “അവൾക്കു 2 കിട്ടട്ടെ” എന്നു ഉള്ളിൽ ചിരിച്ചു നോക്കി നിൽക്കാതെ, മകനെ ന്യായീകരിക്കാതെ ,ആവും വിധം നിയന്ത്രിക്കാൻ ഭർത്രു മാതാപിതാക്കൾക്കും സാധിക്കണം .

നിങ്ങളുടെ വീട്ടിലേക്കു അയച്ചിരിക്കുന്നത് കന്നുകാലിയെ അല്ല…വേറെ ഒരു അച്ഛന്റെയുംഅമ്മയുടേയും കൃഷ്ണമണിയാണ് എന്നു സ്വന്തം മകനെ ശാസിക്കാനുള്ള പ്രാപ്‌തിഅവരും നേടണം . ഇനി ന്യൂസ്‌ പിടിക്കുന്ന,അതു പടർത്തുന്ന, സഹതാപം വിളമ്പുന്ന, ഉപദേശങ്ങൾ പൊഴിക്കുന്ന ബന്ധുമിത്രാദികളും, അയൽവാസികളും ഒന്നു മനസ്സിലാക്കുക.കല്യാണം കഴിച്ചു വിട്ട ഒരു പെൺകുട്ടി അവളുടെ വീട്ടിൽ നിൽകുന്നെങ്കിൽ നിങ്ങൾക്ക് അറിയാത്ത, നിങ്ങൾ അറിയണം എന്നു അവർ ആഗ്രഹിക്കാത്ത പല കാരണങ്ങൾ അതിനുണ്ടാകാം. കിള്ളി ചികഞ്ഞു കുഴി മാന്തി വിവരം ശേഖരിച്ചു പ്രബന്ധം ഒന്നും എഴുതനില്ലല്ലോ…. പിന്നെ അവൾക്കു ചെലവിന് കൊടുക്കുന്നതും നിങ്ങൾ അല്ലല്ലോ…..അവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടാൻ ഉള്ള സാമാന്യ മര്യാദ കാണിക്കാൻ പഠിക്കുക . മുറിവുകളിൽ കുത്തി നോവിച്ചു സന്തോഷിക്കുന്നത് അവസാനിപ്പിക്കുക.ഈ പറഞ്ഞ കാര്യങ്ങൾക്കു ആണ് നമ്മുടെ സമൂഹത്തിൽ ഏറ്റവും പ്രയാസവും. ഈ മാറ്റങ്ങൾ ഒക്കെ നമ്മുടെ സമൂഹത്തിന്റെ താഴ്‌വേരിൽ നിന്നു സമൂഹം മുഴുവൻ വ്യാപിക്കുന്നത് വരെ ഉത്തരയും ,വിസ്മയയും ഇനിയും അവർത്തിക്കപെടും.അവർത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കും .ജിസ്സാ ഡോണൽ

Address

1st floor, Alinkada building 23/442, near Muthoot Fincorp Ltd, Thattamala, Kollam, Kerala 691020

Your friendly neighborhood media promotion team